സ്വർഗ്ഗാരോപിത മാതാ ദേവാലയം വ്ളാത്താങ്കര
തെക്കൻ കേരളത്തിലെ അതിപുരാതനവും അതിപ്രശസ്തവുമായ തീർത്ഥാടന കേന്ദ്രമാണ് നെയ്യാറ്റിൻകര രൂപതയിലെ വ്ളാത്താങ്കരയിൽ സ്ഥിതിചെയ്യുന്ന സ്വർഗ്ഗാരോപിത മാതാവിൻ്റെ നാമധേയത്തിലുള്ള ഫെറോനാ ദൈവാലയം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറിൻ്റെ ഓളങ്ങളാൽ തഴുകി തലോടപ്പെടുന്ന ചെങ്കൽ ഗ്രാമത്തിലെ പ്രശാന്തസുന്ദര സ്ഥലമാണ് വ്ളാത്താങ്കര.
പരിശുദ്ധ മറിയത്തെ വാഴ്ത്തുന്നതിനു വേണ്ടി അനുദിനമെത്തിയിരുന്ന ഭക്തരെ അനുസ്മരിപ്പിക്കുന്നതിനായി പൂർവ്വികർ വിശ്വാസപൂർവ്വം വിളിച്ചിരുന്ന "വാഴ്ത്താൻകര" പിൽക്കാലത്ത് ലോപിച്ച് 'വ്ളാത്താങ്കര' ആയതെന്നാണ് കരുതപ്പെടുന്നത്. വയലേലകളും തെങ്ങിൻ തോപ്പുകളും കുളങ്ങളും നീർച്ചാലുകളും നിറഞ്ഞ കാനാൻദേശാനുഭവം നിറഞ്ഞു നിൽക്കുന്ന വ്ളാത്തങ്കര മണ്ണിൽ 1790-ൽ ബെൽജിയം കർമ്മലീത്ത മിഷണറിമാരാണ് ഒരു സ്ഥിരമായ ദൈവാലയം പണികഴിപ്പിച്ചത്. എങ്കിലും 16-ാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം മുതൽ തന്നെ സ്വർഗ്ഗാരോപിത മാതാവിൻ്റെ നാമധേയത്തിൽ ഒരു പ്രാർത്ഥനാ സമൂഹം ഇവിടെ ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.