ഭൂപ്രകൃതി, കൃഷി
പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ തരത്തിലുള്ള കൃഷി സമ്പ്രദായമല്ല നിലവിലിരിക്കുന്നത്. മണ്ണിന്റെ ഘടന ഏകദേശം ഏകീകൃത സ്വഭാവമുള്ളതാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന മണ്‍തരങ്ങളെ ചരല്‍മണ്ണ്, കളിമണ്ണ് കലര്‍ന്ന പശിമരാശി മണ്ണ്, വെള്ള മണല്‍മണ്ണ്, എക്കല്‍ മണ്ണ്, കരിമണ്ണ്, മണല്‍ ചേര്‍ന്ന മണ്ണ് എന്നിങ്ങനെ തരം തിരിയ്ക്കാം. പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നെയ്യാര്‍ ഒഴുകുന്നു. പഞ്ചായത്തിന്റെ പ്രധാന തോടുകളെല്ലാം നെയ്യാറിലാണ് പതിക്കുന്നത്. 62 കുളങ്ങളും നെയ്യാറിലെ പ്രധാനപ്പെട്ട ഒന്‍പത് തോടുകളും ചേര്‍ന്നതാണ് ചെങ്കല്‍ പഞ്ചായത്തിലെ ഉപരിതല ജലസ്രോതസ്സ്. ചെങ്കല്‍ പഞ്ചായത്ത് പൊതുവെ ഒരു കാര്‍ഷിക ഗ്രാമമാണ്. ഈ പഞ്ചായത്തിലെ 60%-ത്തിലധികം ആളുകള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരന്ന വയലേലകളും ഫലഭൂയിഷ്ഠമായ മണ്ണും, പര്യാപ്തമായ രീതിയില്‍ നെയ്യാര്‍, വണ്ടിച്ചിറതോട് എന്നിവയില്‍ നിന്ന് ലഭിക്കുന്ന ജലവും കാര്‍ഷിക മേഖലയെ സമ്പുഷ്ടമാക്കുന്നു. നെയ്യാറിനോടു ചേര്‍ന്നു കിടക്കുന്ന ഈ പഞ്ചായത്തില്‍ നെല്ലാണ് പ്രധാന കൃഷിയെങ്കിലും തെങ്ങ്, മരച്ചീനി, വാഴ, പച്ചക്കറികള്‍, വെറ്റിലക്കൊടി എന്നിവയും ഇടവിളകൃഷിയായി പയര്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, എള്ള് എന്നിവയും നല്ല രീതിയില്‍ കൃഷി ചെയ്തുവരുന്നു. നെല്‍കൃഷി ഇപ്പോള്‍ ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്നു. വ്ളാത്താങ്കര, തൃക്കണ്ണാപുരം, മര്യാപുരം, കുടുംബോട്ടുകോണം, ആറയൂര്‍, വാണിയന്കാല, കുഴിച്ചാണി എന്നീ പ്രദേശങ്ങള്‍ പച്ചക്കറി കൃഷിക്ക് കീര്‍ത്തി കേട്ട സ്ഥലങ്ങളാണ്. പ്രധാനമായും മഴയെ മാത്രം ആശ്രയിച്ച് കൃഷി നടത്തുന്ന പഞ്ചായത്താണിത്.