ചെങ്കൽ മഹേശ്വരം ശ്രീശിവപാർവ്വതി ക്ഷേത്രം
ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപമുള്ള ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം. കൃഷ്ണ ശില കൊണ്ടും തടി കൊണ്ടും പൂർണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര നിർമ്മാണ രീതി അനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. വാസ്തു ശാസ്ത്രമാണ് ക്ഷേത്ര നിർമ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണുവാൻ സാധിക്കും. ശ്രീകോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളിൽ ഓരോ ഗോപുരവും കാണാം.
നിലവിൽ 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശൻ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഏറ്റവും വലിയ ശിവലിംഗത്തിനുള്ള റെക്കോർഡ്. അതിനെ മറികടന്ന് ചെങ്കൽ ശിവലിംഗം ലോക റെക്കേർഡിലേക്ക് കടക്കുകയാണ്. 111 അടി ഉയരവും 111 അടി ചുറ്റളവിലുമാണ് ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ നിർമ്മാണം.
ശിവലിംഗത്തിനകത്തേക്കു പ്രവേശിക്കാൻ 100 രൂപയുടെ ടിക്കറ്റ് എടുക്കണം.അകത്ത് ഫോട്ടോഗ്രാഫി അനുവദിക്കുന്നതല്ല. മൊബൈൽ, ബാഗ് തുടങ്ങിയവയെല്ലാം ക്ലോക്ക് റൂമിൽ വെച്ച് വേണം അകത്തേക്ക് പ്രവേശിക്കാൻ. 8 നിലകളിലായി 8 മാണ്ഡപങ്ങളാണ് ശിവലിംഗത്തിനകം ക്രമീകരിച്ചിരിക്കുന്നത്. ഒരു ഗുഹയിലേക്കെന്ന പോലെയാണ് ശിവലിംഗത്തിനുള്ളിലൂടെയുള്ള യാത്ര. ചുവര്‍ചിത്രങ്ങളും വിഗ്രഹങ്ങളും കൊണ്ട് ശിവലിംഗത്തിനകം അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയെ കൈലാസം എന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.